ഇറാനിയന്‍ ചിത്രം, ‘എബൌട്ട് എല്ലി’ (About Elly – 2009) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (20/07/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന ഇറാനിയന്‍ ചിത്രം, ‘എബൌട്ട് എല്ലി’ (About Elly – 2009).

രണ്ടു തവണ ഓസ്കാർ അവാർഡും ഒരു ഗോൾഡൻ ഗ്ലോബ് അവാർഡുമുൾപ്പെടെ നേടിയിട്ടുള്ള ഇറാനിയൻ തിരക്കഥാകൃത്തും സംവിധായകനുമായ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഇറാനിയൻ ചിത്രമാണ് ‘ദർബറേയേ എല്ലി’ അഥവാ ‘എബൌട്ട് എല്ലി’. അസ്ഗർ ഫർഹാദിയുടെ നാലാമത്തെ ചിത്രമായിരുന്നു എബൗട്ട് എല്ലി.

ഇറാനിലെ മിഡിൽക്ലാസ് കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഒരു മിസ്റ്ററി ചിത്രമാണെന്ന് പറയാം. ഒരു പിക്നിക്കിനിടെ ബീച്ചിനടുത്തുള്ള വില്ലയിൽ വച്ച് കാണാതാകുന്ന എല്ലിയെന്ന കിന്റർഗാർട്ടൾ ടീച്ചറെ തേടുന്ന സഹയാത്രികർ നേരിടുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. റിയലിസ്റ്റിക് രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സ്വാഭാവികത കാത്തു സൂക്ഷിക്കുന്നതിൽ സംവിധായകൻ പുലർത്തിയ ശ്രദ്ധ എടുത്തു പറയേണ്ടതാണ്.

59-മത് ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബെയർ അവാർഡ് ഫർഹാദിക്ക് നേടിക്കൊടുത്ത ഈ ചിത്രം ടെഹ്റാനിൽ നടന്ന ഫ്ജിർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 10 നോമിനേഷനുകൾക്ക് അർഹത നേടുകയും മികച്ച സംവിധായകനുള്ള അവാർഡ് നേടുകയും ചെയ്തു. 82-മത് ഓസ്കർ അവാർഡിൽ വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിൽ ഇറാന്റെ ഔദ്യോഗിക നോമിനേഷൻ നേടിയ ചിത്രമായിരുന്നു എബൗട്ട് എല്ലി.

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!